അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി. എന്റെ അഭിപ്രായങ്ങളോട് യോജിച്ചവരുണ്ടാകാം, വിയോജിച്ചവരുണ്ടാകാം. വ്യത്യസ്തമായ അഭിപ്രായങ്ങളാണല്ലോ തീരുമാനങ്ങളിലേക്കു നയിക്കുന്നത്. ഓരോരുത്തര്‍ക്കും മറുപടി നല്‍കാനുള്ള സമയമോ സാവകാശമോ ഇപ്പോഴില്ല എങ്കിലും എല്ലാ കമന്റുകളും വായിക്കുകയും വായനക്കാരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്യുന്നു.

സാമ്പത്തിക മാന്ദ്യം ഇന്ത്യയെ എത്രത്തോളം ബാധിക്കുമെന്നതിനെ സംബന്ധിച്ച് ഒരു ചര്‍ച്ചയല്ല, മറിച്ച് ക്രിയാത്മകമായ ഇടപെടലുകളാണ് ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോ സാമ്പത്തികവിദഗ്ധന്‍മാരെ വിചാരണ ചെയ്യുന്നതോ അല്ല, മറിച്ച് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഒരു പൌരനെന്ന നിലയില്‍ എങ്ങനെ സ്വാധീനിക്കാനാവും എന്ന് ആലോചിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്. മാന്ദ്യമുണ്ടെങ്കിലും ഇന്ത്യ ഈ വര്‍ഷം നല്ല സാമ്പത്തികവളര്‍ച്ച നേടി എന്നതും ശ്രദ്ധേയമാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഈ നേട്ടം ഒരുത്തരമാണ്.

രാജ്യത്തിന്റെ ഈ നേട്ടത്തിനു പിന്നില്‍, ഏതു ഘടകമാണ് മുന്നിട്ടു നില്‍ക്കുന്നത് എന്നാലോചിച്ചാല്‍ സാമ്പത്തികവിദഗ്ധര്‍ക്കു ചൂണ്ടിക്കാണിക്കാന്‍ പലതുമുണ്ടാവും. എന്നാല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നത് സാമ്പത്തികരംഗത്തു മാത്രമല്ല, എല്ലാ രംഗത്തും കൈവരിക്കുന്ന നേട്ടങ്ങള്‍ക്കു പിന്നിലുള്ള ആദ്യരഹസ്യമാണ്.

അഭിമാനാര്‍ഹമാണ് ഈ പദവി. എന്നാല്‍, മഹത്തായ ഈ ജനാധിപത്യത്തില്‍ എത്ര പേര്‍ പങ്കാളികവാവുന്നു എന്നതു പരിശോധിക്കുമ്പോള്‍ ഇന്ത്യ പൂര്‍ണമായും ഒരു ജനാധിപത്യരാജ്യമാണോ എന്ന ചേദ്യത്തിന് സാങ്കേതികമായെങ്കിലും അല്ല എന്നുത്തരം നല്‍കേണ്ടി വരും. കാരണം, രാജ്യത്തെ അധികാരികളുടെമേല്‍ എല്ലാ ജനങ്ങള്‍ക്കും ആധിപത്യമില്ല എന്നതു തന്നെ. 100 ശതമാനം ജനങ്ങളും ഭാഗഭാക്കാവുന്ന ഒരു ജനാധിപത്യം ആവണം നമ്മുടെ സ്വപ്നം. അങ്ങനെ സംഭവിക്കാത്തിടത്തോളം ആധിപത്യം ചുരുങ്ങിയ ശതമാനം ജനങ്ങളുടെ കയ്യിലായിരിക്കും. രാജ്യം എങ്ങോട്ടു പോകണമെന്നത് ഇവര്‍ തീരുമാനിക്കും.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വോട്ടവകാശം വിനിയോഗിക്കാത്ത ഒരു പൌരന് ജനാധിപത്യത്തില്‍ പങ്കാളിത്തമില്ലാതാവുന്നതുപോലെ തന്നെ രാജ്യകാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും ധാര്‍മികമായി അവകാശമില്ല. ഒരു പൌരന് രാജ്യം നല്്കുന്ന പരമോന്നതബഹുമതി ആ രാജ്യത്തെ വോട്ടവകാശമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. വോട്ടവകാശം ഉപയോഗിക്കാതിരിക്കല്‍ ഒരിക്കലും ഒരു പ്രതിഷേധമാര്‍ഗമല്ല, മറിച്ച് പൌരനെന്ന നിലയില്‍ രാജ്യത്തിന്റെ ജനാധിപത്യത്തില്‍ നിന്നു സ്വയം ഒഴിഞ്ഞുമാറലാണ്. വോട്ടവകാശം നമ്മുടെ പൌരത്വത്തിന്റെ അവകാശങ്ങളുടെ മേലുള്ള കയ്യൊപ്പാവണം. ആ കയ്യൊപ്പ് ചാര്‍ത്താന്‍ എന്റെ അസൌകര്യങ്ങള്‍ ഇനി മേലിലൊരു തടസ്സമായിരിക്കില്ല.

60 ശതമാനം ജനങ്ങള്‍ മാത്രം വോട്ടവകാശമുപയോഗിക്കുന്ന രാജ്യത്ത് ബാക്കി 40 ശതമാനം ആളുകള്‍ ജനാധിപത്യത്തിനു പുറത്താണ്. ജനങ്ങളുടെ പങ്കാളിത്തം കുറയുമ്പോള്‍ ജനാധിപത്യത്തിന്റെ ശക്തിയും കുറയും. ഒപ്പം അത്രമേല്‍ ശക്തമായ ജനാധിപത്യസംവിധാനത്തിന്മേലുള്ള സ്വാധീനങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. 100 വോട്ടര്‍മാരുള്ള ഒരു മണ്ഡലത്തില്‍ രണ്ടു സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുമ്പോള്‍ 60 പേര്‍ മാത്രം വോട്ടു ചെയ്താല്‍ രണ്ടിലൊരാള്‍ക്ക് ഈ 100 പേരെ ഭരിക്കാനുള്ള അവകാശത്തിന് കേവലം 31 വോട്ടുകളേ ആവശ്യമുള്ളൂ. ജനാധിപത്യസംവിധാനത്തില്‍ വോട്ടവകാശം ഉപയോഗിക്കുക എന്നതല്ലാതെ ഇതിനു മറ്റൊരു പ്രതിവിധിയില്ല.

രാഷ്ട്രീയകക്ഷികളുടെ സ്വാധീനത്തെ പലപ്പോഴും വിമര്‍ശനബുദ്ധിയോടെ സമീപിക്കാനാണ് ആളുകള്‍ക്കിഷ്ടം. എന്നാല്‍, ഭരണത്തിലേറുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണെങ്കില്‍ പോലും വിവിധ ആശയങ്ങളും സ്വഭാവങ്ങളുമുള്ള രാഷ്ട്രീയകക്ഷികള്‍ ഒരേ ലക്ഷ്യത്തിനു വേണ്ടി മല്‍സരിക്കുമ്പോള്‍ ആ മല്‍സരം ആത്യന്തികമായി ജനങ്ങള്‍ക്കു തന്നെയാണ് പ്രയോജനകരമാവുന്നത്.

ചുരുക്കത്തില്‍, ആരോട് പ്രതിഷേധിക്കാനാണോ ഒരാള്‍ വോട്ടവകാശം സ്വയം നിഷേധിക്കുന്നത്, അങ്ങനെ ചെയ്യുന്നതിലൂടെ അയാള്‍ പ്രതിഷേധത്തിന്റെ മുനയൊടിക്കുകയാണ്, നിലവിലുള്ള അപര്യാപ്തതകള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്.

നിലവിലുള്ള സംവിധാനത്തിനെതിരെയുള്ള പ്രതിഷേധം പൌരന്‍ അറിയിക്കേണ്ടത് വോട്ടു ചെയ്യാതിരിക്കുന്നതിലൂടെയല്ല, വോട്ട് ചെയ്യുന്നതിലൂടെയാണ്. രാഷ്്ട്രീയധാരകള്‍ക്കെതിരെയുള്ള പ്രതിഷേധം നമ്മുടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താതിരിക്കുന്നതിന് സ്വന്തം വോട്ടവകാശത്തില്‍ വിശ്വസിക്കുക, അതില്‍ അഭിമാനിക്കുക. ആണ്